മുതലപ്പൊഴി അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിനിടെ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. ഇതോടെ ഇനി കണ്ടെത്താനുള്ളത് അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, വിഴിഞ്ഞം സ്വദേശി ജോൺ എന്നിവരെയാണ്.
മുതലപ്പൊഴി അപകടസ്ഥലത്തുനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയുള്ള കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് എൽ.പി. സ്കൂളിന് സമീപത്തെ കടൽത്തീരത്തുനിന്നാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ ആന്റണിയുടെ മൃതദേഹം അടിമലത്തുറയ്ക്ക് സമീപം ആഴക്കടലിൽ നിന്നാണ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ എൻഫോഴ്‌സ്‌മെന്റ് സംഘവും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. മൃതദേഹം കരയിലെത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികൂല കാലാവസ്ഥയ്ക്കിടയിലും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷിജിനെയും ജോണിനെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തീരദേശങ്ങളിലും കടലിലും വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഫ്രീമോൻ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടത്. ഇതോടെ മുതലപ്പൊഴി അപകടത്തിൽ മരിച്ചവരുടെ എണ്ണം 85 ആയി.
കാണാതായ വിവരം അധികൃതരെ അറിയിച്ചിട്ടും തിരച്ചിൽ ആരംഭിക്കാൻ വൈകിയെന്നാരോപിച്ച് ബന്ധുക്കളും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോസ്റ്റൽ പൊലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയും മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നുണ്ട്. നിലവിൽ തീരദേശ മേഖലകളിൽ കോസ്റ്റൽ പൊലീസ് കാൽനട പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
