സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയമനത്തിൽ ആഭ്യന്തരവകുപ്പിനെതിരെ കോൺഗ്രസിൽ അതൃപ്തി. 274 എസ്.ഐമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചതിലാണ് പരാതി. തന്ത്രപ്രധാന സ്റ്റേഷനുകളിൽ സി.പി.ഐ.എം, ആർ.എസ്.എസ് അനുകൂലികളായ ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നാണ് നേതാക്കളുടെ ആരോപണം. തുടർന്നാണ് കെ.പി.സി.സിക്ക് പരാതി നൽകിയത്.കഴിഞ്ഞ പത്ത് വർഷം പാർട്ടിയെയും പ്രവർത്തകരെയും ഉപദ്രവിച്ച ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രധാന സ്റ്റേഷനുകളിൽ നിയമിച്ചെന്നും പരാതിയുണ്ട്. നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഉദ്യോഗസ്ഥന് പ്രധാന സ്റ്റേഷനിൽ നിയമനം നൽകിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
തിരുവനന്തപുരം സിറ്റി പരിധിയിലെ സ്റ്റേഷനുകളിലെ നിയമനത്തിലും പ്രതിഷേധം ശക്തമാണ്. റൂറൽ മേഖലയിൽ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ ദൂരസ്ഥലങ്ങളിലേക്ക് നിയമിച്ചതും അതൃപ്തിക്ക് കാരണമായി. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ.
