സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ, മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുകയാണ്.പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മറ്റ് ജില്ലകളിലും ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുള്‍പൊട്ടലിൽഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്.നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിലും രണ്ട് മരണം സ്ഥിരീകരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചു.മണക്കാട്ട് ജോണി,ഭാര്യ റെജീന ,മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്.കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ പ്രളയസമാന സാഹചര്യം തുടരുകയാണ്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് മേഖലകളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും അധികൃതർ അറിയിച്ചു.
