മലബാർ മേഖലയിൽ ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര-തീരദേശ മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് ഒഴിഞ്ഞ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ ഇന്ന് മഴയ്ക്ക് കാര്യമായ ശമനമുണ്ട്. ഇന്നലെ കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലകളിൽ വെള്ളക്കെട്ട് കുറഞ്ഞതോടെ സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. കോഴിക്കോട് മൂഴിക്കൽ മേഖലയിൽ മാത്രം 400-ലധികം വീടുകൾ വൃത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ ഇന്ന് മഴയുടെ ശക്തി കുറഞ്ഞെങ്കിലും 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 299 പേരാണ് കഴിയുന്നത്. പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ തുടരുകയാണ്.
വയനാട് ജില്ലയിൽ പൊതുവെ മഴ കുറഞ്ഞെങ്കിലും തവിഞ്ഞാൽ മേഖലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിലും ഇന്നലെ രാത്രിയിൽ ശക്തമായ മഴ ലഭിച്ചെങ്കിലും ഇന്ന് പൊതുവെ മഴയ്ക്ക് ശമനമുണ്ട്. മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുന്നതിനാൽ ജാഗ്രത തുടരുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
പാലക്കാട് ജില്ലയിലും ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മൊത്തത്തിൽ മലബാർ മേഖലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദേശിച്ചു
