കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരിക്കടത്തിന്റെ പ്രധാന കണ്ണികളായ ഏഴ് പേർ കൂടി അറസ്റ്റിൽ. മലബാർ മേഖലയിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന വിൽപ്പനക്കാരിയായ സ്ത്രീയടക്കമുള്ളവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നൈജീരിയൻ പൗരനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഏപ്രിൽ നാലിനാണ് കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസിൽ നിന്ന് മൂന്നര കിലോയോളം എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടിയത്. അടിവാരം സ്വദേശി ഫാത്തിമ നസ്രീനും മലപ്പുറം സ്വദേശി പി.കെ. ഷഫീഖുമായിരുന്നു അന്ന് അറസ്റ്റിലായത്.ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏഴ് പ്രതികളെ കൂടി പിടികൂടിയത്. മലപ്പുറം സ്വദേശികളായ ഉമ്മർ ഫാറൂഖ്, മുസ്തഫ, ആലപ്പുഴ സ്വദേശി ഹിരൺ, പത്തനംതിട്ട സ്വദേശി ആരോമൽ, തമിഴ്നാട് സ്വദേശി റംസിയ, കോഴിക്കോട് സ്വദേശി നൗഷാദ്, മഹാരാഷ്ട്ര സ്വദേശി സന്ദേശ് മോഹൻ വാൾക്കെ എന്നിവരാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര, ഗോവ, ജയ്പൂർ, ബംഗാൾ, നേപ്പാൾ അതിർത്തി, തെങ്കാശി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. മലബാർ മേഖലയിലേക്കാണ് സംഘം പ്രധാനമായും ലഹരി എത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.പിടിയിലായവരിൽ പലരും വിവിധ സംസ്ഥാനങ്ങളിൽ പിടികിട്ടാപ്പുള്ളികളാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകളിലും ഇവർ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്.
കേസിലെ പ്രധാന പ്രതിയായ നൈജീരിയൻ പൗരനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.പ്രധാന പ്രതിയെയും ഉടൻ പിടികൂടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
