സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പി.ആർ.ഡി. പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് മാറിയതിനെച്ചൊല്ലി വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ചിത്രത്തിന് താഴെ, മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പേര് മുഖ്യമന്ത്രിയെന്ന നിലയിൽ ചേർത്തതാണ് വിവാദമായത്.
വാർത്താക്കുറിപ്പിലും പി.ആർ.ഡി. വെബ്സൈറ്റിലും ഉണ്ടായ പിഴവ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്കും പരിഹാസത്തിനും ഇടയാക്കി. ഭരണമാറ്റം നടന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പി.ആർ.ഡി.യിലെ ചില ഉദ്യോഗസ്ഥർ മാറ്റം ഉൾക്കൊണ്ടിട്ടില്ലെന്ന വിമർശനവും ഇതോടെ ശക്തമായി.
പി.ആർ.ഡി. വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പേര് തന്നെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ തെറ്റായി രേഖപ്പെടുത്തിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ടെന്നാണ് സൂചന. ഔദ്യോഗിക വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അടിസ്ഥാന വിവരങ്ങൾ പോലും പരിശോധിക്കാനുള്ള ഫലപ്രദമായ മേൽനോട്ട സംവിധാനം വകുപ്പിൽ ഇല്ലെന്ന വിമർശനവും ഉയരുന്നു.
സർക്കാരിന്റെ പ്രധാന ഔദ്യോഗിക ചടങ്ങുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിൽ ഉണ്ടായ ഗുരുതര വീഴ്ച സർക്കാർ ഗൗരവമായി കാണുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഉത്തരവാദിത്തം സംബന്ധിച്ചും നടപടികളുണ്ടാകുമോ എന്നതിലും ശ്രദ്ധ തുടരുകയാണ്
