തൃശൂർ വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടിയിലേറെ രൂപ തട്ടിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതി കൊല്ലം സ്വദേശി ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുകയാണ്.2024-ൽ വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ച് വ്യാജ വായ്പകൾ സൃഷ്ടിച്ച് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് കേസ്.
കുഴല്പ്പണമിടപാടുകളും വിദേശ അക്കൗണ്ടിലേക്ക് പണം എത്തിയതടക്കം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്സ് ലിമിറ്റഡിലെ വലപ്പാട് ശാഖയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന കൊല്ലം സ്വദേശി ധന്യമോഹനാണ് കോടികള്‍ തട്ടിയത്. പതിനെട്ട് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ധന്യ 2019 മുതലാണ് തട്ടിപ്പ് തുടങ്ങിയത്.
കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആപ്പിലെ പഴുതുകള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വായ്പകളെന്ന വ്യാജേന സ്വന്തം അക്കൗണ്ടിലേക്കും പിതാവ്, സഹോദരന്, ഭര്‍ത്താവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റി. ഇത് പിടിക്കപ്പെടാതിരിക്കാന്‍ അയ്യായിരത്തിലധികം ഇടനില ട്രാന്‍സാക്ഷനുകളും നടത്തി. തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ധന്യ നഷ്ടപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.
വലപ്പാട് ആഡംബര വീട് നിര്‍മിച്ച ധന്യ, സ്ഥലങ്ങളും വാങ്ങികൂട്ടി. നാല് വര്‍ഷത്തിനിടെ ആറ് ആഡംബര കാറുകളുമാണ് ഈ പണമുപയോഗിച്ച് വാങ്ങിയത്. കാര്‍ പാര്‍ക്കിങ്ങിനായി മാത്രം ലക്ഷങ്ങള്‍ വില നല്കി പ്രത്യേകം ഭൂമിയും വാങ്ങി. തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ ധന്യ, പിന്നീട് 2024 ജൂലൈ 26-ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജയിലിലായിരുന്ന ധന്യ പിന്നീട് ജാമ്യത്തിലിറങ്ങി. ധന്യയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. പിടിയിലാകുമ്പോള്‍ ധന്യയുടെ അക്കൗണ്ടില്‍ എണ്‍പത് ലക്ഷം രൂപയുണ്ടായിരുന്നു. പണം വിവിധ അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കാന്‍ ശ്രമിച്ചതായി ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചത്.
