സംസ്ഥാനത്ത് ഡിജിപി നിയമനത്തിൽ നിർണായക നീക്കം. എം.ആർ. അജിത് കുമാറിന് പകരം ഡിജിപി റാങ്കിലേക്ക് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്തിനെ പരിഗണിച്ച് ചീഫ് സെക്രട്ടറി സർക്കാരിന് ശുപാർശ നൽകി. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെത്തുടർന്ന് എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് ഡിജിപി സ്ഥാനക്കയറ്റം നഷ്ടമായത്. ഇതോടെയാണ് എസ്. ശ്രീജിത്തിന്റെ പേര് സർക്കാർ പരിഗണനയിലെത്തിയത്.
നിലവിൽ അടുത്ത സീനിയർ ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാൽ, ഡിജിപി റാങ്കിലേക്ക് പരിഗണിക്കപ്പെടേണ്ടത് എം.ആർ. അജിത് കുമാറായിരുന്നു. എന്നാൽ സസ്പെൻഷനും വകുപ്പുതല നടപടികളും തുടരുന്നതിനാലാണ് എസ്. ശ്രീജിത്തിന് അവസരം ലഭിച്ചിരിക്കുന്നത്.ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിനെ കഴിഞ്ഞ മാസമാണ് ജയിൽ വകുപ്പ് മേധാവിയായി നിയമിച്ചത്. അതേസമയം, സസ്പെൻഷൻ റദ്ദാക്കണമെന്ന എം.ആർ. അജിത് കുമാറിന്റെ ഹർജി അടുത്ത മാസം കോടതിയുടെ പരിഗണനയ്ക്ക് വരും
