നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ചെലവാക്കാൻ ഏൽപ്പിച്ച നാലര കോടി രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണവുമായി പിസി ജോർജ്. എരുമേലിയിൽ നടന്ന പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. എന്നാൽ ആരോപണം വിവാദമായതോടെ നിലപാട് തിരുത്തി പിസി ജോർജ് രംഗത്തെത്തി.
പൂഞ്ഞാറിൽ തനിക്കായി ചെലവഴിക്കാൻ ബിജെപി നേതൃത്വം നാലര കോടി രൂപ നൽകിയെന്നും പ്രാദേശിക നേതാവ് സജിയടക്കം പണം തട്ടിയെടുത്തെന്നുമായിരുന്നു പിസി ജോർജിന്റെ ആരോപണം. ഒരു ബൂത്തിൽ 31,000 രൂപ നൽകണമെന്ന നിർദേശം പാലിച്ചില്ലെന്നും ആരൊക്കെ പണം വീതംവെച്ചെടുത്തെന്ന് അറിയില്ലെന്നും പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ പ്രസംഗം വിവാദമായതോടെ പിസി ജോർജ് മലക്കംമറിഞ്ഞു. സജി വളരെ മാന്യനാണെന്നും ഒരു ചില്ലിക്കാശ് പോലും എടുത്തിട്ടില്ലെന്നും പിസി ജോർജ് തിരുത്തി. പറഞ്ഞത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും പാർട്ടി നേതൃത്വം കണക്ക് പൂർണമായി കാണിച്ചുതന്നെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും അദേഹം പറഞ്ഞു.
പിസി ജോർജ് നിലപാട് തിരുത്തിയെങ്കിലും വിവാദം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സ്ഥാനാർഥിക്ക് നിയമപരമായി അനുവദനീയമായ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിലവിലിരിക്കെ പൂഞ്ഞാറിൽ നാലര കോടി രൂപ ചെലവഴിച്ചെന്ന പിസിയുടെ പരാമർശമാണ് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നത്.
