എറണാകുളം ജില്ലയിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലയോര മേഖലകൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇതോടെ ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് കുറഞ്ഞു. മലങ്കര ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി.
മഴ കുറഞ്ഞെങ്കിലും മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശങ്ങൾ തുടരുകയാണ്. തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും നേരിയ ശമനമുണ്ട്. എന്നാൽ കണ്ണമാലി മേഖലയിൽ കടൽക്ഷോഭം വീണ്ടും രൂക്ഷമായാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
