ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കേരളത്തിന്റെ നിലപാടും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് യോഗത്തിൽ പങ്കെടുത്തതെന്നും, താൻ സമരക്കാരോടൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.സിജെപി പ്രതിഷേധം ശക്തമായതും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തതുമായ സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ രണ്ട് ദിവസത്തെ യോഗം നടന്നത്. ഈ യോഗത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയരുന്നതിനിടെയാണ് എൻ. ഷംസുദ്ദീന്റെ വിശദീകരണം. യോഗത്തിൽ പങ്കെടുത്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നും, കേരളത്തിന്റെ ആശങ്കകൾ അവതരിപ്പിക്കാൻ കേന്ദ്രം 12 മിനിറ്റ് സമയം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, 2021-ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ബഹിഷ്‌കരിച്ചിരുന്നു. അതേ മാതൃക കേരളം എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന ചോദ്യവും ഭരണപക്ഷത്തിനുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
