എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകളും പി.പി.ഇ കിറ്റുകളും ഉപയോഗിക്കാതെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഉപയോഗിക്കാതെ നശിച്ചുപോയത്. ചില മരുന്നുകളുടെ പെട്ടികൾ പോലും തുറന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.മുൻ സർക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങലുകളിലും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പ്രവർത്തനത്തിലും ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കും.കഴിഞ്ഞ പത്ത് വർഷത്തെ മരുന്ന് വാങ്ങലുകൾ, വിതരണ നടപടികൾ, ഉപയോഗിക്കാതെ നശിപ്പിച്ച മരുന്നുകൾ, അവ നശിപ്പിക്കാൻ ചെലവഴിച്ച തുക എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
