കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് വീണ്ടും തുടരും. ഡിവൈ.എസ്.പി ആയിരുന്ന ആർ. ഹരിദാസനെയാണ് മാറാട് അഡീഷണൽ ജില്ലാ കോടതിയിൽ കേസിലെ അവസാന സാക്ഷിയായി വിസ്തരിക്കുന്നത്.
ഇന്നലെ ഉച്ചഭക്ഷണ ഇടവേളയ്ക്കിടെ ഹരിദാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്കുശേഷമുള്ള വിസ്താരം കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും സാക്ഷിവിസ്താരം നടക്കുന്നത്.റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി തോമസാണ് കേസിലെ ഒന്നാം പ്രതി. എം.എസ്. മാത്യു, പ്രജികുമാർ, മനോജ് എന്നിവരാണ് മറ്റ് പ്രതികൾ.
റോയ് തോമസ് കേസിലെ സാക്ഷിവിസ്താരം പൂർത്തിയായതിന് ശേഷം ജോളിയുടെ ഭർതൃമാതാവായിരുന്ന അന്നമ്മ തോമസിന്റെ കൊലപാതകക്കേസിലെ വിചാരണ നടപടികൾക്ക് തുടക്കമാകും. കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ നിർണായക കേസുകളിലേക്കുള്ള നടപടികൾ ഇതോടെ കൂടുതൽ വേഗത്തിലാകും.
