കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത മാതൃകയിലാകുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ഡൽഹിയിൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി മന്ത്രിയായതോടെ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷന്റെ ചുമതലകൾ പൂർണമായി നിർവഹിക്കാൻ പ്രയാസമുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിൽ കെപിസിസി അധ്യക്ഷന്റെ പങ്ക് നിർണായകമായതിനാൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഹൈക്കമാൻഡുമായി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയിരുന്നെങ്കിലും നീറ്റ് വിഷയവുമായി ബന്ധപ്പെട്ട സമരങ്ങൾ കാരണം വിശദമായ ചർച്ചകൾ നടക്കാനായിരുന്നില്ല.അതേസമയം, രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഘടകകക്ഷികൾക്കുള്ള ബോർഡ്-കോർപ്പറേഷൻ സ്ഥാനവിതരണവും ഘടകകക്ഷി നേതാക്കളുടെ കാബിനറ്റ് പദവിയും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സൂചന.
