നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. പിണറായി വിജയന്റെയും എം. വി ഗോവിന്ദന്റെയും പ്രവർത്തനശൈലിക്കെതിരെയായിരുന്നു പ്രധാന വിമർശനം.കേന്ദ്ര കമ്മിറ്റിയംഗം പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമർശനം. പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയാണ് പാർട്ടിയിലും സർക്കാരിലും പ്രതിഫലിച്ചതെന്നും അത് തെരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയെന്നും ചില നേതാക്കൾ തുറന്നടിച്ചു.എം വി ഗോവിന്ദന്റെ പൊതുപരിപാടിയിലെ പ്രസംഗം “പാർട്ടി ക്ലാസാ”യി മാറിയെന്നും മടുപ്പുളവാക്കിയതിനാൽ പ്രവർത്തകർ പോലും പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിന്നുവെന്നും ആക്ഷേപിച്ചു. എംഎം മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് ആനമണ്ടത്തരമായി. മണിയെ സ്ഥാനാർത്ഥിയാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശം വെട്ടിയ സംസ്ഥാന സെക്രട്ടറിയറ്റ് മറുപടി പറയണമെന്നും ഉടുമ്പൻചോലയിലെ സ്ഥാനാർഥി കൂടിയായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രനെ ഇരുത്തിതന്നെ നേതാക്കൾ വിമർശിച്ചു.
ഇടുക്കി മണ്ഡലത്തിൽ വോട്ട് മറിച്ച് കേരള കോൺഗ്രസ് എം പ്രവർത്തകർ ചതിച്ചുവെന്നും സിപിഎമ്മല്ലാതെ എൽഡിഎഫ് സംവിധാനം കൃത്യമായി ഇവിടെ പ്രവർത്തിച്ചില്ലന്നും വിമർശനമുയർന്നു.ദേവികുളത്തെ തോൽവി അപ്രതീക്ഷിതമായി. എന്നാൽ രാജേന്ദ്രൻ എഫക്ട് ഉണ്ടായില്ല. എസ് ഐ ആർ അടക്കം തിരിച്ചടിയായെന്നും ചർച്ച വന്നു. പീരുമേട്ടിലെ പരാജയത്തിൽ സിപിഐക്കെതിരെയുമുണ്ടായത് രൂക്ഷ വിമർശനം. പാർട്ടി കോട്ടകളിൽ സ്ഥാനാർഥികൾ പിന്നിൽ പോയതിൽ ചാർജുകാരായ ജില്ലാ കമ്മിറ്റി അംഗങ്ങളെയും വിമർശിച്ചു. ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും.
