ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കിയിരുന്ന ‘ഹാപ്പി ലോങ് ലൈഫ്’ പദ്ധതി നിലച്ചതായി പരാതി. കാർഡുകൾ പുതുക്കി നൽകാത്തതും പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതും കാരണം 10,000ത്തിലധികം ഗുണഭോക്താക്കൾ പ്രതിസന്ധിയിലായി.
2025 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ക്യാൻസർ രോഗികൾക്ക് ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും സീറ്റ് ഉറപ്പാക്കലുമായിരുന്നു പദ്ധതിയുടെ പ്രധാന ആനുകൂല്യം. ആറ് മാസത്തേക്കുള്ള യാത്രാ കാർഡാണ് ഗുണഭോക്താക്കൾക്ക് നൽകിയിരുന്നത്. ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന രോഗികൾക്ക് പദ്ധതി വലിയ ആശ്വാസമായിരുന്നു.
എന്നാൽ കാർഡുകളുടെ കാലാവധി കഴിഞ്ഞതിന് ശേഷം പുതുക്കി നൽകുകയോ പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. ഇതോടെ സൗജന്യ യാത്രയുടെ ആനുകൂല്യം നഷ്ടമായ രോഗികൾ ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങി പരിഹാരം തേടുകയാണ്.
പുതിയ കാർഡുകൾ അച്ചടിക്കുന്നതിലെ സാങ്കേതിക തടസമാണ് കാലതാമസത്തിന് കാരണമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. അതേസമയം, പ്രിയദർശിനി പദ്ധതിക്ക് മുൻഗണന നൽകുന്നതിനായി ‘ഹാപ്പി ലോങ് ലൈഫ്’ പദ്ധതി അട്ടിമറിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
