മലയാളി നഴ്സിംഗ് വിദ്യാർഥിനി അൻസിജിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെയും കേസെടുക്കണമെന്ന് കുടുംബം. നിലവിൽ കോളേജ് പ്രിൻസിപ്പലിനെതിരെ മാത്രമാണ് തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് അധ്യാപകരുടെ പേരുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടും കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് അധ്യാപകർ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് അൻസിജി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യയ്ക്ക് തലേദിവസം മറ്റൊരു ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അൻസിജിയെ കൂടെയുണ്ടായിരുന്ന അധ്യാപിക മുറിക്കുള്ളിൽ രണ്ട് മണിക്കൂറോളം വിചാരണ ചെയ്തെന്നും കുടുംബം ആരോപിക്കുന്നു.
ഒരാഴ്ചത്തെ പോസ്റ്റിംഗ് മൂന്ന് ദിവസംകൊണ്ട് അവസാനിപ്പിച്ചതായും പരാതിയിലുണ്ട്. കൂടെയുണ്ടായിരുന്ന അധ്യാപിക ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്ലാസിൽവച്ച് പലതവണ ദേഹപരിശോധന നടത്താൻ ശ്രമിച്ച അധ്യാപികയുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിന് ശേഷം അൻസിജിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അധ്യാപകർ തയ്യാറായില്ലെന്നും രക്തം വെള്ളം ഉപയോഗിച്ച് തുടയ്ക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിദ്യാർഥികളുടെ ആരോപണവും അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകി. അധ്യാപകർക്കെതിരെ കേസെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം വ്യക്തമാക്കി. അതേസമയം കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാർഥികളുടെ സമരം തുടരുകയാണ്.
