സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ അതത് സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നീട് പ്രഖ്യാപിക്കുന്ന തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.
അതിശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന സംസ്ഥാനതല സെറ്റ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് എൽബിഎസ് സെന്റർ അറിയിച്ചു. എംജി സർവകലാശാല ഉൾപ്പെടെ വിവിധ സർവകലാശാലകളുടെ ഇന്നത്തെ പരീക്ഷകളും മാറ്റിയിട്ടുണ്ട്. വിദ്യാർഥികൾ പരീക്ഷകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിരവധി ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവയുടെ സാധ്യതയും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
