പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം വീണ്ടും പുറത്തിറക്കി കേന്ദ്ര സർക്കാർ. ആറ് സംസ്ഥാനങ്ങളിലായി 56,825 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി നിർദേശിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിലെ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററാണ്.
കേരളത്തിൽ നിർദേശിച്ച ഇഎസ്എയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. കേരള സർക്കാർ നിർദേശിച്ച 131 വില്ലേജുകൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2024ലെ കരടിന് പിന്നാലെ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലും കേരളത്തിന്റെ ഇഎസ്എ മാപ്പ് ഉൾപ്പെടുത്തിയിട്ടില്ല.
ഇഎസ്എ മേഖലയിൽ പുതിയ ഖനനം, ക്വാറി, മണൽഖനനം എന്നിവ പൂർണമായി നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾ, വലിയ ടൗൺഷിപ്പുകൾ, വൻകിട നിർമാണ പദ്ധതികൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും.
അതേസമയം കൃഷി, പ്ലാന്റേഷൻ, നിലവിലെ ജനവാസ മേഖലകൾ എന്നിവയെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വിലക്കില്ല.അന്തിമ വിജ്ഞാപനത്തിന് മുമ്പുള്ള 60 ദിവസമാണ് ഇനി നിർണായകം. സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം പുറത്തിറക്കുക.
