പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണ നൽകിയതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ബിജെപിക്കും കോൺഗ്രസിനും ആറ് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
പ്രസിഡന്റിന്റെ ഏകാധിപത്യപരമായ സമീപനവും സ്വജനപക്ഷപാതവും ഭരണസ്തംഭനത്തിന് വഴിവെച്ചെന്നാരോപിച്ചാണ് കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാകാൻ ആവശ്യമായ എട്ട് വോട്ടുകൾ കോൺഗ്രസിന്റെ ആറ് അംഗങ്ങൾക്കും സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുടെയും പിന്തുണയോടെയാണ് ലഭിച്ചത്.
കോൺഗ്രസും സിപിഎം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഭരണമാറ്റത്തിന് കാരണമായതെന്ന് സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. പ്രസാദ് ആരോപിച്ചു.അതേസമയം, ബിജെപി വർഗീയ പാർട്ടിയായതിനാലാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്ന് സിപിഎം അംഗം ഷീജാ മോൾ പ്രതികരിച്ചു. കോൺഗ്രസും ബിജെപിയും സിപിഎമ്മിന് ഒരുപോലെയാണെന്നും സിപിഎം വാർഡംഗം എബ്രഹാം തോമസ് പറഞ്ഞു.പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു മാസത്തിന് ശേഷമാകും തിരഞ്ഞെടുക്കുക.
