മുൻമന്ത്രിയും ഗൺമാനും “ആക്രമിച്ചു” എന്നു മൊഴികൊടുത്തതുകൊണ്ട് കെ എസ് യു പ്രവർത്തകർക്ക് 16 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്.
അന്ന് ഗൺമാനെക്കൊണ്ട് മന്ത്രി വീണാ ജോർജ് പറഞ്ഞു പറയിപ്പിച്ചതോ? കണ്ണൂർ റയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണ് സംഭവം. അന്ന് ആയുധംകൊണ്ട് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകിയത് ഗൺമാൻ അഭിലാഷ് ആണ്. സംഭവം താൻ നേരിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞിട്ടാണ് അങ്ങനെയൊരു മൊഴി എന്നുമാണ് ഗൺമാൻ ഇപ്പോൾ പറയുന്നത്. ഇങ്ങനെയൊരു മൊഴികൊടുത്ത ഗൺമാൻ കേസിൽ മാപ്പു സാക്ഷിയാകില്ല. പ്രതിതന്നെയാകും. ഇല്ലാത്ത സംഭവം കണ്ടെന്നു മൊഴി നൽകി യുവാക്കളെ കൊലപാതകശ്രമക്കേസിൽ കുറ്റക്കാരാക്കി എന്നാണ് പുതിയ കേസ്. ഗൺമാൻ അതിൽ പ്രതിയാകും. ഒപ്പം മുൻ മന്ത്രി വീണാ ജോർജും പ്രതിയാകും.
മന്ത്രി പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ ധാർമികത വിട്ടു പ്രവർത്തിച്ചു എന്നാണ് ഈ മൊഴി പറയുന്നത്. അത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. അന്നത്തെ മന്ത്രി വീണാ ജോർജ് മാത്രമല്ല അന്നത്തെ സ്പീക്കർ എ എൻ ഷംസീറും ആരോപണ വിധേയനാണ്. കരിങ്കൊടി പ്രകടനം കഴിഞ്ഞ് സാധാരണ പോലെ നടന്നുപോയതാണ് മന്ത്രി വീണാ ജോർജ് എന്നാണ് കെ എസ് യു പ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്. സ്പീക്കർ ഷംസീറിൻറെ ഇടപെടലിനു ശേഷം മന്ത്രി പരുക്ക് അഭിനയിച്ചു എന്നാണ് ആരോപണം. കരിങ്കൊടി പ്രകടനത്തെ ആക്രമണമായി വരുത്തി തീർത്തത് സ്പീക്കറുടെ ഇടപെടലാണെന്നാണ് ആ മൊഴി പറയുന്നത്. മുൻമന്ത്രിയും ഗൺമാനും ആക്രമിച്ചു എന്നു മൊഴികൊടുത്തതുകൊണ്ട് കെ എസ് യു പ്രവർത്തകർക്ക് 16 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. കെ എസ് യു ജില്ലാ പ്രസിഡൻറ് എം സി അതുൽ, ഭാരവാഹികളായ അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, സി എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് ജയിലിൽ കഴിയേണ്ടിവന്നത്.
മന്ത്രി വീണാ ജോർജ് അന്ന് നുണ പറഞ്ഞോ?
ധാർമികതയുടെ ചോദ്യമാണ് മന്ത്രിക്കു നേരേ ഉയരുന്നത്. കണ്ണൂർ റയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ ആയുധവുമായി കെ എസ് യു പ്രവർത്തകർ ആക്രമിച്ചു എന്നാണ് മന്ത്രിയുടെ ഗൺമാൻ മൊഴി നൽകിയത്. ഈ മൊഴി അടിസ്ഥാനമാക്കിയാണ് വധശ്രമത്തിന് കേസ് എടുത്തത്. പ്രതിഷേധക്കാർക്ക് രണ്ടാഴ്ചയിലേറെ പുറത്തിറങ്ങാൻ കഴിയാതെ പോയത് ഇക്കാരണം കൊണ്ടായിരുന്നു. അന്ന് നിരവധി ടെലിവിഷൻ ക്യാമറകൾ ചുറ്റുമുണ്ടായിരുന്നു. അതിലൊന്നും അങ്ങനെയൊരു ആയുധംകൊണ്ടുള്ള ആക്രമണ ദൃശ്യം പതിഞ്ഞില്ല. റയിൽവേ സ്റ്റേഷനിലെ സിസിടിവികളിലും പതിഞ്ഞില്ല.
മന്ത്രി സ്റ്റേഷനിലേക്കു നടന്നുവരുന്നതും മന്ത്രി വരുമ്പോൾ കെഎസ് യു നേതാക്കൾ പലവഴിക്ക് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതുമെല്ലാം ക്യാമറകൾ പകർത്തിയിരുന്നു. അതിലൊന്നും ആരുടേയും കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. കരിങ്കൊടിയല്ലാതെ മറ്റൊന്നും ഒരു ദൃശ്യങ്ങളിലും കാണാനുമുണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം കഴുത്തിനു വേദനയുണ്ടെന്നു പറഞ്ഞ മന്ത്രി യാത്ര തുടർന്നില്ല. മന്ത്രിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിൽ മന്ത്രിയെ കാണാൻ സ്പീക്കർ എ എൻ ഷംസീർ എത്തി. മുഖ്യമന്ത്രി പിണറായി വിജയനും അവിടെ എത്തി. ആ രാത്രി ദുരൂഹ സാഹചര്യത്തിൽ മന്ത്രി ആശുപത്രിയിൽ നിന്ന് മടങ്ങി. മന്ത്രി പത്തനംതിട്ട ജില്ലയിലെ സ്വന്തം വീട്ടിലേക്കാണ് പോയത്.
ഈ സംഭവത്തിനു പിന്നാലെ അന്നു തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നതാണ്. ആരും കാണാതെ മന്ത്രി എങ്ങനെ ആക്രമിക്കപ്പെട്ടു എന്നായിരുന്നു ഉയർന്ന ചോദ്യം. എക്കാലവും ഒരു ഭരണം തന്നെ തുടരും എന്ന തെറ്റിദ്ധാരണയിൽ ഉദ്യോഗസ്ഥർ കള്ളം പറയാൻ നിർബന്ധിതരായോ എന്നാണ് ചോദ്യം. മന്ത്രിയും സ്പീക്കറുമൊക്കെ പറയുമ്പോൾ കേൾക്കാൻ ബാധ്യതപ്പെട്ടവരാണ് കീഴിലുള്ളവർ എന്നു തോന്നാം. പക്ഷേ സർക്കാർ ശമ്പളം പറ്റുന്നവർക്ക് സത്യത്തോട് മാത്രമാണ് കൂറ് ഉണ്ടാകേണ്ടത്. ഭരണപരമായ കാര്യങ്ങളിൽ മാത്രമേ മന്ത്രിയെ അനുസരിക്കേണ്ടതുള്ളൂ. മന്ത്രി ആവശ്യപ്പെട്ടാലും നുണ പറയേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കില്ല.
പ്രതിഷേധവും ആക്രമണക്കേസുകളും
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചു എന്ന കേസിൽ കണ്ണൂർ നിന്നു തന്നെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിയാക്കപ്പെട്ടപ്പോൾ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. വിമാനത്തിൽ ആക്രമിച്ചില്ല, മുദ്രാവാക്യം മാത്രമേ വിളിച്ചുള്ളൂ എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. പ്രതിഷേധിച്ചവരെ തട്ടിവീഴ്ത്തിയ ഇ പി ജയരാജനെതിരേ വിമാനകമ്പനി റിപ്പോർട്ട് നൽകി. ജയരാജൻ പിന്നീട് ആ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് വന്ന അന്വേഷണ റിപ്പോർട്ടുകളിലൊക്കെ പ്രതിഷേധം ഉണ്ടായി എന്നല്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നുണ്ടായിരുന്നില്ല. സമാനമാണ് വീണാ ജോർജിൻറെ കാര്യത്തിലുണ്ടായ നടപടിയും.
എന്നാൽ കണ്ണൂർ തന്നെ നടന്ന മറ്റൊരു സംഭവം നോക്കുക. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഡിവൈഎഫ്ഐ നേതാക്കൾ കല്ലെറിഞ്ഞ സംഭവം. മുഖ്യമന്ത്രി പരുക്കേറ്റ് ആശുപത്രിയിലായി. അതിൽ പൊലീസ് റിപ്പോർട്ട് ഡിവൈഎഫ് നേതാക്കൾക്ക് എതിരേയായിരുന്നു. ശരിക്കും കല്ലേറുകൊള്ളുന്ന ആദ്യത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നില്ല. പട്ടംതാണുപിള്ളയാണ് കല്ലേറുകൊള്ളുന്ന ആദ്യത്തെ മുഖ്യമന്ത്രി. തൃശ്ശൂർ രാമനിലയത്തിലേക്ക് മുഖ്യമന്ത്രി കടന്നുവരുമ്പോഴാണ് കല്ലെറിഞ്ഞത്. ഫാ. വടക്കൻറെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭം നടക്കുകയായിരുന്നു. കർഷക നേതാക്കൾ കല്ലെറിഞ്ഞു എന്നായിരുന്നു ആരോപണം. അന്ന് ഒറ്റപ്പാലം സബ് കലക്ടർ ആയിരുന്ന മലയാറ്റൂർ രാമകൃഷ്ണനായിരുന്നു സുരക്ഷാ ചുമതല. സുരക്ഷയിൽ വീഴ്ചവരുത്തി എന്നാരോപിച്ച് മലയാറ്റൂർ രാമകൃഷ്ണന് എതിരേ നടപടി എടുക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിൽ എന്തെങ്കിലും നടപടി വരും മുൻപ് മുഖ്യമന്ത്രിയെ പഞ്ചാബ് ഗവർണറാക്കി മാറ്റി. ആർ ശങ്കർ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മലയാറ്റൂരിനെതിരെയോ കർഷക നേതാക്കൾക്കെതിരെയോ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആ കേസുകളിൽ നിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് വീണാ ജോർജിന് എതിരായ കേസ്.
