നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നെടുമങ്ങാട് എസ്സി–എസ്ടി കോടതിയിലാണ് 78 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരത്തിൽ 96 മുറിവുകൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മെയ് 26നാണ് അഖിലയുടെ മകൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നുവെന്നും അമ്മ കുട്ടിയെ വേണ്ടവിധം നോക്കാറില്ലെന്നും ബന്ധുക്കൾ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കുഞ്ഞിന്റെ ശരീരത്തിലെ ഗുരുതര പരുക്കുകളാണ് കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന പ്രധാന തെളിവുകളിലൊന്ന്. രണ്ടാനച്ഛനും അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
