സിഎംആൽഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കോഴിക്കോട്ട് എട്ടിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന നടത്തുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.
വിദ്യാർത്ഥി സംഘടനാ കാലഘട്ടം മുതൽ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് പി. നിഖിലിന്റെ ഫറോക്കിലെ വീട്ടിലും അശോകപുരത്തെ ഫ്ലാറ്റിലും ഇഡി പരിശോധന നടത്തി. ഇരുവരും തമ്മിലുള്ള ബിസിനസ് പങ്കാളിത്തവും ബിനാമി ഇടപാടുകളും സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
രാവിലെ ഏഴ് മണിയോടെ ഇഡി സംഘം അശോകപുരത്തെ ഫ്ലാറ്റിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. അന്വേഷണ സംഘം എത്തിയ വിവരം നിഖിലിനെ വിളിച്ചറിയിച്ചെന്ന സംശയത്തിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോൺ ഇഡി കസ്റ്റഡിയിലെടുത്തു. തുടർന്ന് നഗരത്തിലെ ചില ജിമ്മുകളിലും നിഖിലിനെ തേടി അന്വേഷണ സംഘം എത്തിയിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലായിരുന്ന നിഖിലിനെ ഫ്ലാറ്റിലെത്തിച്ച ശേഷമാണ് പരിശോധന തുടരുന്നത്.
സ്ഥലത്തെത്തിയ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പരിശോധന രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ചു.മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി മുൻ ജീവനക്കാരനുമായിരുന്ന നന്ദുലാലിന്റെ വീട്ടിലും ഇഡി് പരിശോധന നടത്തി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ നന്ദുലാൽ, റിയാസ് ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഡിടിപിസിയിൽ രാഷ്ട്രീയ നിയമനം നേടിയയാളാണെന്നും ആരോപണമുണ്ട്.
റിയാസിന്റെ സഹപാഠിയും ബേപ്പൂർ ഫെസ്റ്റിവൽ നടത്തിപ്പുകാരനുമായ ഫെബീഷ് മുഹമ്മദിന്റെ വീട്ടിലും പരിശോധന നടന്നു. സരോവരം റോഡിലെ കെസികെ ഡെന്റലിലും പന്തീരാങ്കാവിലെ കാപിറ്റൽ മാർബിൾസിലും ഇഡി പരിശോധന തുടരുകയാണ്. സ്ഥാപന ഉടമകൾ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.
കോഴിക്കോട് ആകെ എട്ടിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. സിഎംആൽഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബിസിനസ് ബന്ധങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് സൂചന.
