വിവാദ സവർക്കർ ചോദ്യത്തിന്റെ പേരിലുള്ള സസ്പെൻഷൻ ചോദ്യം ചെയ്ത് അധ്യാപകൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് കോടതിയിൽ മറുപടി നൽകും. സസ്പെൻഷൻ ശിക്ഷാ നടപടിയാണോ എന്നതിലും സർക്കാർ വ്യക്തത വരുത്തും.
ഇന്നലെ ഹർജി പരിഗണിച്ച കോടതി, മറുപടി നൽകാൻ സർക്കാരിന് സാവകാശം അനുവദിച്ചിരുന്നു. തെറ്റായ ചോദ്യം ചോദിച്ചതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ടോയെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകാനും കോടതി നിർദേശിച്ചു.
നടപടിക്രമങ്ങൾ പാലിക്കാതെയും വസ്തുതകൾ വ്യക്തമാക്കാതെയും മന്ത്രി ഇടപെട്ടാണ് സസ്പെൻഷൻ നടപടിയെടുത്തതെന്നാണ് അധ്യാപകന്റെ വാദം. അതേസമയം, ചോദ്യം ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നാണ് സർക്കാരിന്റെ നിലപാട്.
