നിലമ്പൂർ ഗവൺമെന്റ് ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷണം മുടങ്ങി. സർക്കാരിൽ നിന്ന് ധനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഹോസ്റ്റലിലെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുടങ്ങിയത്. ഭക്ഷണമില്ലാതായതോടെ ഹോസ്റ്റൽ താൽക്കാലികമായി അടച്ചു. ഇതോടെ വിദ്യാർഥികൾ വനത്തിലെ ഊരുകളിലേക്ക് മടങ്ങി.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റലിൽ എസ്‌സി വിഭാഗത്തിൽ 57 പേരും എസ്ടി വിഭാഗത്തിൽ 47 പേരുമാണ് താമസിച്ച് പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറെയും.ഹോസ്റ്റൽ ഭക്ഷണം മുടങ്ങിയതോടെ വലിയ തുക ചെലവഴിച്ച് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ചിലർ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ദിവസം തള്ളിനീക്കുന്നത്.
സ്‌കിൽ ആൻഡ് ലേബർ വകുപ്പിന് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മുൻ വർഷങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ജൂലൈ മാസത്തിൽ തന്നെ ഭക്ഷണത്തിനുള്ള ധനാനുമതി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇതുവരെ ധനാനുമതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.ഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് സമരം നടത്തി. സർക്കാർ അടിയന്തരമായി ധനാനുമതി നൽകി ഹോസ്റ്റലിലെ ഭക്ഷണം പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
