വിവാദങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ എൽഡിഎഫ് നേതൃയോഗം ഇന്ന് ചേരും.100 ദിവസത്തിന് ശേഷമാണ് എൽഡിഎഫ് നേതൃയോഗം ചേരുന്നത്. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം.പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം യോഗത്തിൽ വീണ്ടും ചൂടുപിടിക്കുമെന്നാണ് സൂചന. വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവ് വിഷയം യോഗത്തിന്റെ ആദ്യ അജണ്ടയായി ഉൾപ്പെടുത്തണമെന്ന് സിപിഐ ആവശ്യപ്പെടും.
എന്നാൽ വിഷയം നേതൃയോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്. ഒരിക്കൽ കൂടി ഉഭയകക്ഷി ചർച്ച നടത്താമെന്ന നിർദേശമാകും സിപിഐഎം മുന്നോട്ടുവയ്ക്കുക. ഇത് സിപിഐ അംഗീകരിച്ചില്ലെങ്കിൽ യോഗം തർക്കത്തിൽ കലാശിച്ചേക്കും.
തെരഞ്ഞെടുപ്പ് അവലോകനവും വരും ദിവസങ്ങളിലെ സമരപരിപാടികൾ തീരുമാനിക്കലുമാണ് നിലവിലെ അജണ്ട. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മൂലമാണ് കഴിഞ്ഞ മൂന്ന് മാസമായി എൽഡിഎഫ് നേതൃയോഗം ചേരാൻ കഴിയാതിരുന്നത്.യഥാർത്ഥ എൻ സി പി ഏതെന്ന തർക്കം നിലനിൽക്കുന്നതിനിടെ രണ്ടു കൂട്ടരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബു വിഭാഗവും എ കെ ശശീന്ദ്രൻ വിഭാഗവും യോഗത്തിൽ പങ്കെടുക്കും.
