കർക്കിടകവാവ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബലിതർപ്പണത്തിനായി ആലുവയിലെത്തുക. വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി കയറിയ മണപ്പുറത്തെ ശുചീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
ബുധനാഴ്ചയാണ് കർക്കിടകവാവ്. അർധരാത്രിക്ക് ശേഷം ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പുലർച്ചെ നാലിന് ക്ഷേത്രനട തുറക്കും. വിശേഷ ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിവരെ നീളും.വെള്ളപ്പൊക്കത്തിൽ ചെളി കയറിയ ബലിതർപ്പണ കടവുകൾ ഉൾപ്പെടെ ജെസിബി ഉപയോഗിച്ച് ശുചീകരിക്കുകയാണ്. മഴ ശക്തമായി വീണ്ടും വെള്ളം കയറിയാൽ സമീപത്തെ കരഭാഗത്തായിരിക്കും തർപ്പണം നടത്തുക.
നൂറിൽ താഴെ ബലിപ്പുരകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. ക്ഷേത്രപരിസരത്ത് ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയും മെട്രോയും പ്രത്യേക സർവീസുകൾ നടത്തും. ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ.
