താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിൽ യുഡിഎഫ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം. നടപടിക്രമങ്ങൾ പാലിക്കാതെ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഉടമകളെ സഹായിക്കാനാണെന്നാണ് സിപിഎം ആരോപണം.
പൊല്യൂഷൻ കൺട്രോൾ ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകിയതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പ്ലാന്റ് ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതും രാഷ്ട്രീയനാടകത്തിന്റെ ഭാഗമാണെന്നാണ് സിപിഎം ആരോപണം. കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസ് സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചതിനെയും സിപിഎം വിമർശിച്ചു.
പുഴയിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടാണ് പിസിബി ഉത്തരവ് അട്ടിമറിക്കാൻ കാരണമായതെന്നായിരുന്നു പി.കെ. ഫിറോസിന്റെ വാദം. എന്നാൽ തദ്ദേശ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് സർക്കാർ നയത്തെ മറികടന്ന് റിപ്പോർട്ട് നൽകാനാകുമോയെന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും സിപിഎം ചോദിക്കുന്നു.ഫ്രഷ് കട്ട് പ്ലാന്റിൽ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾക്ക് ബിനാമി നിക്ഷേപമുണ്ടെന്ന ആരോപണവും സിപിഎം ഉന്നയിച്ചു. പ്ലാന്റിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സിപിഎം അറിയിച്ചു.
എന്നാൽ നാട്ടുകാർക്കൊപ്പമാണ് സർക്കാരെന്നും പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരത്തിനൊപ്പമുണ്ടാകുമെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി.ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും അടുത്ത ദിവസം പ്ലാന്റിലെത്തി പരിശോധന നടത്തും. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതോടെ സ്റ്റോപ്പ് മെമ്മോ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.
