സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.വടക്കൻ കേരളത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതൽ മഴ ലഭിച്ചത്. കണ്ണൂർ ചെമ്പേരിയിൽ 165.7 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തി. പനന്തൂരിലും അയ്യൻകുന്നിലും അതിശക്തമായ മഴയാണ് ലഭിച്ചത്. രാത്രി വൈകിയും മലയോര മേഖകളിൽ മഴ തുടർന്നു. ഉരുൾപ്പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് നിലവിൽ 441 ദുരിതാശ്വാസ ക്യാമ്പുകളിലായി 42493 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ പൂർണമായി തകർന്നത് 74 വീടുകളാണ്,784 വീടുകൾ ഭാഗീകമായി തകർന്നു. വിവിധ ജില്ലകളിലായി നാല് പേരെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി റവന്യു മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി.
