പാലക്കാട് ഒറ്റപ്പാലത്ത് കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് കള്ളുഷാപ്പുകൾ എക്സൈസ് വകുപ്പ് അടച്ചുപൂട്ടി. ഷാപ്പുകളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
ഈസ്റ്റ് ഒറ്റപ്പാലം കള്ളുഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്ക്ക് അയച്ചപ്പോഴാണ് സോഡിയം ലോറിൽ സൾഫേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കള്ളിന് കൂടുതൽ പതയും രുചിയും ഗന്ധവും ലഭ്യമാക്കാനാണ് ഈ രാസവസ്തു ചേർത്തതെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
ഇതിനെ തുടർന്ന് ഇതേ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മറ്റ് നാല് കള്ളുഷാപ്പുകളിലും പരിശോധന നടത്തി പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്.ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്രയ്ക്കും വിൽപനക്കാരൻ സായി ഗോപനും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ നിന്നാണ് മറ്റ് ജില്ലകളിലേക്കും കള്ള് വിതരണം ചെയ്യുന്നത്. ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിപണിയിലെ വിൽപ്പനയിൽ കുറവുണ്ടാകാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. ഇതോടെയാണ് മായം ചേർത്ത് കള്ള് വിൽപ്പന നടത്തിയ സംഭവം പുറത്തുവന്നത്.
‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംസ്ഥാന വ്യാപകമായി രഹസ്യ പരിശോധനകൾ തുടരുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു
