പാലക്കാട് അട്ടപ്പാടിയിൽ മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസിനെതിരെ കേരളാ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് കഞ്ചാവുകേസിൽ ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട് താടകം പൊലീസ്
പുത്തൂർ കുളപ്പാടി ഉന്നതിയിൽ എത്തി മുരുകേഷിനെ അതിക്രൂരമായി മർദിച്ചത്. കേരളാ പൊലീസിനെ അറിയിക്കാതെയാണ് തമിഴ്നാട് പോലീസ് അട്ടപ്പാടി ഉന്നതിയിലെത്തിയത്.
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട് പൊലീസ് അട്ടപ്പാടിയിലെത്തിയത്. എന്നാൽ മറ്റൊരു സംസ്ഥാനത്ത് അന്വേഷണം നടത്തുമ്പോൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനെ അറിയിക്കുകയും ആദിവാസി ഉന്നതികളിൽ പ്രവേശിക്കുന്നതിന് നിലവിലുള്ള മാർഗനിർദേശങ്ങൾ പാലിക്കുകയും വേണമെന്ന വ്യവസ്ഥകൾ ലംഘിച്ചെന്നാണ് കേരളാ പൊലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ തമിഴ്നാട് പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുത്തൂർ പൊലീസിൽ നിന്ന് അഗളി എസ്.എം.എസ്. ഡിവൈഎസ്പി ഏറ്റെടുക്കും. ആശുപത്രിയിലെത്തി മുരുകേഷിന്റെ വിശദമായ മൊഴിയും രേഖപ്പെടുത്തി.മർദനത്തിൽ വാരിയെല്ലിനും കാലിനും പരിക്കേറ്റ മുരുകേഷ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുരുകേഷിന്റെ ഇരുചക്ര വാഹനവും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
