കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി സിപിഐഎമ്മിൽ സമ്പൂർണ അഴിച്ചുപണിക്ക് നീക്കം. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ടി.പി. രാമകൃഷ്ണനെ മാറ്റി പി. രാജീവിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലുമുണ്ട്.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന വിശാല നേതൃയോഗത്തിൽ സംഘടനാ പുനഃസംഘടന പ്രധാന ചർച്ചയാകും. നിലവിൽ സെക്രട്ടറിയേറ്റിൽ പ്രാതിനിധ്യമില്ലാത്ത തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനാണ് ആലോചന.
സംസ്ഥാന കമ്മിറ്റിയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വീണ ജോർജിനെയും ആർ. ബിന്ദുവിനെയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതായും സജീവ പ്രവർത്തനത്തിൽ ഇല്ലാത്ത മറ്റ് ചില അംഗങ്ങളെയും മാറ്റിയേക്കാമെന്നുമാണ് വിവരം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സ്ഥാനവും ചർച്ചയാകുമെന്ന വിലയിരുത്തലുണ്ട്. തൽക്കാലം സ്ഥാനമാറ്റം വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിനുള്ളതെങ്കിലും സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾ നിർണായകമാകുമെന്നാണ് സൂചന.പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് നിലവിൽ തീരുമാനമായിട്ടില്ല. എന്നാൽ ഭാവിയിൽ ആ വിഷയത്തിലും പാർട്ടി ചർച്ച നടത്താൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
