കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ട് പേർ മരിച്ചു. പന്നിപ്പനി ബാധിച്ച കരുവണ്ണൂർ സ്വദേശിനിയും ഡെങ്കിപ്പനി ബാധിച്ച കാവുന്തറ സ്വദേശിയായ ഏഴ് വയസുകാരിയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കാവുന്തറ പാലാട്ട് മീത്തൽ ഷാജുവിന്റെ രണ്ടാം ക്ലാസുകാരിയായ മകൾ ഇതളാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കരുവണ്ണൂർ കുറുങ്ങോട്ട് കുഞ്ഞഹമ്മദിന്റെ മകൾ 32-കാരിയായ ജസ്ലയ്ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്ലയും മരണത്തിന് കീഴടങ്ങി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.
അതേസമയം, പന്നിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ചുള്ള മരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചിട്ടും ഇക്കാര്യം സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറുടെ പ്രതികരണം. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ബാധിത പ്രദേശങ്ങളിൽ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
