തൃശൂർ മാളയിൽ സ്വകാര്യ സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപം.സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് സ്കൂൾ ഉടമ പറയുന്ന ഓഡിയോ പുറത്ത്. മാളയിലെ ഡോ. രാജു ഡേവീസ് ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസാണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്.
ഒരു ലക്ഷം രൂപ ചെലവഴിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാത്തതിനെ തുടർന്നാണ് സ്കൂൾ ചെയർമാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പങ്കുവെച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജു ഡേവിസ് വിശദീകരണവുമായി രംഗത്തെത്തി.
താൻ പറഞ്ഞത് സുഡാനിലേക്കോ ബംഗ്ലാദേശിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകണമെന്നല്ലെന്നും പാക്കിസ്ഥാനെ പരാമർശിച്ചത് മാത്രമാണെന്നും രാജു ഡേവിസ് പറഞ്ഞു. തന്റെ പരാമർശത്തിൽ വിവാദമാക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
