പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ മൂന്നാം തവണയാണ് പരോളിലിറങ്ങുന്നത്; മറ്റുള്ളവർ രണ്ടാം തവണയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
