വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ആറുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിആറു പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
അപകടത്തിൽപ്പെട്ട ആറുപേർ നിലവിൽ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണാണ് ലഭിക്കുന്ന വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് രാവിലെ 10.30 ഓടുകൂടിയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.
