കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ തേടി മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയില്‍ എത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘം കൊച്ചിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയിലെത്തിയത്.
പെണ്‍കുട്ടിയും ഭര്‍ത്താവ് ഫര്‍ഹാനും കൊച്ചിയിലാണ് കഴിഞ്ഞത്. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയ കളമശേരി സ്വദേശിയുടെ വീട്ടിലും, ഏലൂര്‍ പൊലീസ് സ്റ്റേഷനിലും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അതുവരെ അറസ്റ്റ് പാടില്ലെന്നും ഉത്തരവിട്ടിരുന്നു.
