പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചു. പുളിക്കക്കണ്ടം സഹോദരങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ച കൗൺസിലർമാരാണ് പുതിയ നിലപാടും അറിയിച്ചിരിക്കുന്നത്.ആകെയുള്ള ആറ് കൗൺസിലർമാരിൽ ഭൂരിഭാഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാടിലാണെന്നാണ് വിവരം. പുളിക്കക്കണ്ടം സഹോദരങ്ങളെ ഇനി പിന്തുണയ്ക്കേണ്ടതില്ലെന്നും ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറുന്നതാണ് ഉചിതമെന്നും കൗൺസിലർമാർ ഡി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം ചർച്ചകൾ ആരംഭിച്ചു.
12 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസാകും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെ “ഭരണം ഏറ്റെടുക്കാൻ തങ്ങളില്ല” എന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് കോൺഗ്രസ് കൗൺസിലർമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.അവിശ്വാസ പ്രമേയം ഈ മാസം 21-നാണ് നഗരസഭാ കൗൺസിലിൽ ചർച്ചയ്ക്ക് എത്തുക.
