പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഫർഹാൻ മരിച്ചു. ഒരു നാട്ടുകാരനും മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുണ്ടൂർ തൂത റോഡിലെ ഒമ്പതാം മൈലിൽ അപകടമുണ്ടായത്. പള്ളിയിൽ നിസ്കരിച്ച് റോഡരികിലൂടെ നടക്കുകയായിരുന്ന നാല് വിദ്യാർഥികൾക്കും സമീപത്തുണ്ടായിരുന്ന നാട്ടുകാരനുമിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
ഐ.എം.എയുടെ മലമ്പുഴ പ്ലാന്റിൽ മെഡിക്കൽ മാലിന്യം ഇറക്കിയ ശേഷം നീലേശ്വരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.പരിക്കേറ്റവരിൽ രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലാണ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. അതേസമയം, മഴ പെയ്താൽ മുണ്ടൂർ–തൂത റോഡിൽ അപകടങ്ങൾ പതിവാണെന്നും റോഡ് സുരക്ഷ ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
