ഉത്തർപ്രദേശിലെ മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്‌സ്‌പ്രസ്‌വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായ നിക്ഷേപം, ലോജിസ്റ്റിക്സ്, കാർഷിക വിപണനം, പ്രാദേശിക വികസനം എന്നിവയ്ക്ക് പദ്ധതി വലിയകരുത്തേകുമെന്നാണ് പ്രതീക്ഷ.
മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അമ്രോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നീ 12 ജില്ലകളെയാണ് ഈ എക്സ്‌പ്രസ്‌വേ ബന്ധിപ്പിക്കുന്നത്.ചരക്കുകളുടെയും ആളുകളുടെയും വേഗത്തിലുള്ളതും സുരക്ഷിതവുമായ ചലനം സാധ്യമാക്കുന്നതിനൊപ്പം യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹർദോയിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, ഗംഗാ എക്‌സ്‌പ്രസ്‌വേ ഉത്തർപ്രദേശിന്റെ വളർച്ചയെ മാറ്റിമറിക്കുന്ന പദ്ധതിയാണെന്ന് മോദി പറഞ്ഞു. ഗംഗാനദിയെപ്പോലെ തന്നെ ഈ എക്‌സ്‌പ്രസ്‌വേ സംസ്ഥാനത്തിന്റെ വികസനത്തിന്റെ പുതിയ ജീവനാഡിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
