തിരികെ പോയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ഹർജി; കുടുംബത്തെ സംരക്ഷിക്കാനുള്ള ഉപജീവനമാർഗവും ഇല്ലാതാകുമെന്ന് വാദം!
കൊച്ചി: യുഎഇയിലേക്ക് തിരികെ പോകാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയിൽ. വിദേശയാത്രയ്ക്ക് വിലക്കേർപ്പെടുത്തിയ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. യുഎഇയിലെ ഷാർജയിലുള്ള സ്വകാര്യ ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന തനിക്ക് തിരികെ പോയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് തച്ചങ്കരി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ജോലി നഷ്ടപ്പെട്ടാൽ തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തെ സാരമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ഇതിന് പുറമെ ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി. തൊഴിൽ തുടരുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമായി യുഎഇയിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നാണ് ഹർജിയിലെ വാദം.
വിചാരണ നടക്കുന്ന ഘട്ടത്തിൽ വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നെന്നും യാത്ര കഴിഞ്ഞ് കൃത്യമായി തിരിച്ചെത്തി കോടതിയിൽ ഹാജരായിരുന്നെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയിലെ 66 സിറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയോ ഒളിവിൽ പോകാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അതിനാൽ വിദേശത്തേക്ക് പോകാൻ അനുവദിക്കണമെന്നും ഇതിനായി നിലവിലുള്ള ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നുമാണ് ആവശ്യം.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി ഒക്ടോബർ 15-ന് മരവിപ്പിച്ചിരുന്നു. 30.84 ലക്ഷം രൂപ പിഴയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് വിദേശയാത്രയ്ക്ക് പ്രത്യേക അനുമതി തേടി തച്ചങ്കരി വീണ്ടും കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എ.ബദറുദ്ദീൻ ഹർജി പരിഗണിച്ചു. പ്രോസിക്യൂഷന്റെ എതിർപ്പ് കേട്ടശേഷമേ അപേക്ഷയിൽ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി. വിദേശയാത്രയ്ക്ക് കോടതി ഇതുവരെ അനുമതി നൽകിയിട്ടില്ല.
