മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് ആരോപിച്ചിട്ടും ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായില്ലെന്ന് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. പ്രത്യേക അന്വേഷണ സംഘം തലവൻ യു.പ്രേമന്റെ നേതൃത്വത്തിലാണ് മൂന്നര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പ്. കേസിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
കേസിൽ കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഗൺമാൻ മൊഴി മാറ്റിയിരുന്നു. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് മൊഴി നൽകാൻ മന്ത്രി പറഞ്ഞിരുന്നുവെന്നും ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഗൺമാൻ അഭിലാഷിൻറെ പുതിയ മൊഴി. അതിനിടെ, അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് പ്രത്യേക അന്വേഷണ സംഘം നൽകുക. കേസ് അന്വേഷിച്ച റെയിൽവേ സി ഐയുടെ മൊഴിയും സംഘം രേഖപ്പെടുത്തും.
