പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അവസാന ഭീകരനെയും സുരക്ഷാസേന വധിച്ചു. ബദ്ഗാമിൽ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. പുലർച്ചെയോടെയാണ് ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചത്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സൈന്യം വധിച്ചിരുന്നു. പിന്നീട് ബദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നാമനെയും വധിച്ചു. നാലാമനായ മൂസയ്ക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
2022 മുതൽ കശ്മീർ മേഖലയിൽ വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് മൂസയെന്നാണ് സുരക്ഷാസേനയുടെ വിശദീകരണം. മൂസയെ വധിച്ചതായി ബദ്ഗാം എസ്.പി കെ.കെ. ഹരിപ്രസാദ് സ്ഥിരീകരിച്ചു.മൂസയെ വധിച്ചത് ജമ്മു കശ്മീർ പൊലീസിനും മറ്റ് സുരക്ഷാസേനകൾക്കും വലിയ നേട്ടമാണെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും കെ.കെ. ഹരിപ്രസാദ് പറഞ്ഞു.
