പത്തനംതിട്ട ജില്ലയിലെ നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ പിടിച്ചെടുത്താണ് യുഡിഎഫ് നേട്ടം.തിരുവല്ല കുന്നന്താനം വള്ളോകുന്ന് രണ്ടാം വാർഡിൽ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് സ്ഥാനാർഥി രാധാമണിയമ്മ പിടിച്ചെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കുറ്റൂർ ഓതറ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ രവി 148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി രാജേഷിനെ പരാജയപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി കെജി പ്രസാദിന് 104 വോട്ടുകൾ ലഭിച്ചു. 15 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങളുള്ള എൻഡിഎയ്ക്കാണ് നിലവിൽ കുറ്റൂരിൽ ഭരണം.
റാന്നി ബ്ലോക്ക് പടി വാർഡിലും ശക്തമായ പോരാട്ടമാണ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥി ജസി സാബുവിനെ അഞ്ച് വോട്ടിന് യുഡിഎഫ് സ്ഥാനാർഥി രമ്യമോൾ പരാജയപ്പെടുത്തി.അരുവാപ്പുലം കല്ലേലി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അനില സുരേഷ് 112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. നിലവിലെ മെമ്പർ സി.വി. ശാന്തകുമാർ അടൂരിൽ മത്സരിച്ച് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തവണ 221 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശാന്തകുമാറിന്റെ വിജയം. ഇത്തവണ ഭൂരിപക്ഷം 112 ആയി കുറഞ്ഞു.അതേസമയം, ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണെന്ന് സി.വി. ശാന്തകുമാർ എംഎൽഎ പ്രതികരിച്ചു.
