പൊയിലൂരിൽ മേപ്പാട് കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ സാങ്കേതിക പരിശോധനയിലാണ് ഇത് ബോംബുകളല്ലെന്ന് വ്യക്‌തമായത്. എം-സാൻ്റും കല്ലുകളും നിറച്ച് ബോംബ് രൂപത്തിലാക്കിയതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എന്ന സംശയത്തിൽ കണ്ടെത്തിയ വസ്തുക്കളാണ് ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചത്. പരിശോധനകൾക്കൊടുവിൽ ഇത് വ്യാജബോംബുകളാണെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
5 ഐസ്ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് പറമ്പിൽ നിന്ന് കണ്ടെത്തിയത്. തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തിലെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാനൂർ സ്റ്റേഷൻ പരിധിയിൽ മേലെ പൂക്കോം ചിത്രവയലിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.
