വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഇത്. യോഗ മിനിറ്റ്‌സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞിരുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ടതുകൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണം, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.എൻ.ഡി.ആർ.എഫ് 30 അംഗസംഘം വയനാട്ടിൽ നിന്നും 30 അംഗസംഘം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ടെന്നും,മുഴുവൻ ഉപകരണങ്ങളും അവിടെ എത്തിക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും ടി സിദ്ദിഖ് അറിയിച്ചു.
അതേസമയം, ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയതിൽ വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. രക്ഷാപ്രവർത്തനം പുരാേഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ ഏഴോളം പേരെ കാണാതായിട്ടുണ്ട്.
