കാലിക്കറ്റ് സർവകലാശാലയിലെ എം.സി.എ പ്രവേശനത്തിൽ ഒ.ബി.സി സംവരണം അട്ടിമറിച്ചെന്ന് പരാതി. ഒ.ബി.സി റാങ്ക് ലിസ്റ്റിൽ മുന്നിലുള്ള വിദ്യാർഥിയെ ഒഴിവാക്കി പത്ത് റാങ്ക് പിന്നിലുള്ള വിദ്യാർഥിക്ക് പ്രവേശനം നൽകിയെന്നാണ് ആരോപണം. ഒ.ബി.സി സംവരണ വിഭാഗത്തിൽ നിന്നാണ് പരാതിക്കാരന് പ്രവേശനം ലഭിക്കേണ്ടിയിരുന്നത്. റാങ്ക് അനുസരിച്ച് അവസരം എത്തിയപ്പോൾ പ്രവേശന നടപടികൾക്കായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദേശം. പിന്നീട് തന്റെ പിന്നിൽ പത്ത് റാങ്ക് താഴെയുള്ള വിദ്യാർഥിക്ക് പ്രവേശനം നൽകിയതായി കണ്ടതോടെയാണ് വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചത്.
തെറ്റ് പറ്റിയെന്നും എസ് സി സംവരണ സീറ്റിൽ ആരും ചേരാനെത്തിയില്ലെങ്കിൽ പ്രവേശിപ്പിക്കാമെന്നുമായിരുന്നു മറുപടി.പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
