അമേരിക്ക വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയാൽ നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പുതിയ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അത് സർവനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാൽ പോലും പ്രതിരോധിക്കാൻ തയ്യാറാണെന്നും അരഗ്ചി വ്യക്തമാക്കി.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായാണ് താനും ഇറാൻ പ്രസിഡന്റും ന്യൂയോർക്കിലെത്തിയതെന്നും അരഗ്ചി പറഞ്ഞു. അതേസമയം, യുദ്ധം അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന നിലപാടിലാണ് ഇറാൻ.യുദ്ധത്തിൽ ഇറാൻ വിജയിച്ചെങ്കിലും വിജയം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇറാൻ സൈനിക ജനറലും പ്രതികരിച്ചു.
അതിനിടെ, ഇറാനുമായി ഈ ആഴ്ച കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.അമേരിക്കയുടെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. അമേരിക്കയുടെ എല്ലാ ഡ്രോണുകളും സുരക്ഷിതമാണെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
എന്നാൽ അമേരിക്കൻ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന അവകാശവാദത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡും ഇക്കാര്യം ആവർത്തിച്ചു.പിടിച്ചെടുത്തതായി അവകാശപ്പെടുന്ന ഡ്രോണിന്റെ ചിത്രവും ഇറാൻ സൈനിക ഉദ്യോഗസ്ഥൻ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ഡ്രോൺ സംബന്ധിച്ച അവകാശവാദവും പ്രതിവാദവും തുടരുകയാണ്.
