ഇറാന്റെ ഹോർമുസ് ഉപരോധത്തിന്‍റെ പ്രത്യാഘാതമായി ആഗോള എണ്ണവില വീണ്ടും ബാരലിന് 121 ഡോളറിന് മുകളിൽ. ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം മാസങ്ങൾ നീളാമെന്ന് ഡോണൾഡ് ട്രംപ്. ഇറാൻ തിരിച്ചടിക്കാത്തത് നയതന്ത്രത്തിന് ഒരവസരം നൽകാൻ വേണ്ടിയെന്ന് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് പറഞ്ഞു .
ബ്രന്‍റ് അസംസ്കൃത എണ്ണയ്ക്കാണ് വില 121 ഡോളറിലേക്ക് ഇന്ന് ഉയർന്നത്. യുദ്ധം തുടങ്ങിയപ്പോൾ 120 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് 90 ഡോളറിലേക്കു താഴ്ന്നിരുന്നു. യുദ്ധത്തിനു മുൻപ് 60 ഡോളർ മാത്രമായിരുന്നു ഒരു ബാരൽ എണ്ണയ്ക്ക് ഉണ്ടായിരുന്ന വില. ഹോർമുസ് കടലിടുക്കിൽ ഇറാൻ തുടരുന്ന ഉപരോധമാണ് എണ്ണവില ഉയരാൻ കാരണം. ഒരാഴ്ചയായി എണ്ണയുമായി ഒരു കപ്പൽ പോലും ഹോർമുസ് കടന്നിട്ടില്ല. ഇറാൻ പ്രത്യേകം കടത്തിവിടുന്ന കപ്പലുകൾ മാത്രമാണ് ഹോർമുസ് കടക്കുന്നത്.
യുദ്ധകാലത്ത് ഇന്ത്യക്ക് പ്രത്യേക അനുമതി നൽകിയിരുന്നെങ്കിലും ഇപ്പോൾ അതും ലഭ്യമല്ല. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. ഇറാന്‍റെ തുറമുഖങ്ങളിൽ അമേരിക്ക നടത്തുന്ന ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഹോർമുസ് അടച്ചത്. തുറമുഖ ഉപരോധം മാസങ്ങൾ നീളാമെന്നാണ് ഡോണൾഡ് ട്രംപ് ഇന്ന് ഭീഷണി മുഴക്കിയത്. ഇറാനിൽ നിന്നുള്ള 42 എണ്ണ കപ്പലുകളാണ് അമേരിക്ക ഇതുവരെ തടഞ്ഞത്. ഉപരോധം മൂലം ഇറാനിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വലിയ തോതിൽ വിലക്കയറ്റവുമുണ്ട്.
നയതന്ത്രത്തിന് ഒരവസരം നൽകാൻ വേണ്ടിയാണ് ഇറാൻ ക്ഷമിക്കുന്നതെന്നായിരുന്നു സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫിന്‍റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനുള്ള പരിഷ്കരിച്ച നിർദേശങ്ങൾ ഇറാൻ വെള്ളിയാഴ്ചയോടെ പാകിസ്താന് കൈമാറുമെന്നാണ് വിവരം. നേരത്തെ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു.
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഒന്നരമണിക്കൂർ ഫോണിൽ സംസാരിച്ചു. ഇറാൻ വിദേശകാര്യമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെയാണ് സംഭാഷണം. ഇറാന്‍റെ യുറേനിയം ശേഖരം കൈകാര്യം ചെയ്യുന്നതിൽ റഷ്യ സഹായിക്കാമെന്ന് പുടിൻ വാഗ്ദാനം ചെയ്തതായി ട്രംപ് പിന്നീട് വെളിപ്പെടുത്തി. ഇറാനെതിരേ ഇനി സൈനിക നടപടി ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയതായി റഷ്യൻ വക്താവ് അറിയിച്ചു. ഇറാൻ വിമാനത്താവളങ്ങളിൽ നിന്ന് വീണ്ടും യുദ്ധത്തിനു മുൻപെന്നതുപോലെ സർവീസുകൾ ആരംഭിച്ചു. യുദ്ധം തുടങ്ങിയപ്പോൾ അടച്ച വിമാനത്താവളങ്ങൾ ഒരാഴ്ച മുൻപാണ് തുറന്നത്.
