എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നാണ് തൻ്റെ ആഗ്രഹവും വിശ്വാസവും എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. യുഡിഎഫ് അധികാരത്തിൽ വരില്ല. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ അടി തുടങ്ങി. ഭരണം കിട്ടിയാൽ കലഹം ഉറപ്പെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ പറയുന്നത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്. അതിൽ പരിഭവം കാണേണ്ടതില്ല. വി ഡി സതീശനുമായി വഴക്കില്ല. അദ്ദേഹം കൊള്ളാവുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്. അദ്ദേഹം വനവാസത്തിന് പോകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. അത് തിരുവനന്തപുരത്ത് ആയിരിക്കും. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. തിരുത്തൽ ശക്തിയായി അവർ ഉണ്ടാകും. എന്നാൽ 14 സീറ്റ് ഒന്നും ലഭിക്കില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പറവൂരിൽ എസ്എൻഡിപി യൂണിയൻ നടത്തിയ സ്വീകരണത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
